സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം എന്നത്‌ കാലഹരണപ്പെട്ട ആപ്തവാക്യമായി കാലം തെറ്റിദ്ധരിക്കുന്നുണ്ടാവാം. പക്ഷേ, സന്മനസ്സിന്‌ തന്നെയാണ്‌ സമാധാനത്തോടെ ജീവിക്കാനാവുക. സന്മനസ്സുള്ളവരുടെ ജീവിതമാണ്‌ സമൂഹം ആസ്വദിക്കുക.

ജീവിതം ഒരു ആസ്വാദനമാണ്‌. എല്ലാവരെയും സ്നേഹിച്ചും സഹിച്ചും സഹകരിച്ചും സമൂഹത്തില്‍ തന്റെ നിറസാന്നിദ്ധ്യം നീതിയോടെ ഉണ്ടാക്കുകയത്രെ ജീവിതം ആസ്വദിക്കാനുള്ള വഴി.  കുറെ സ്വഭാവങ്ങള്‍ നാം ഉള്‍ക്കൊള്ളാനുണ്ട്‌. കുറെ വെടിയാനുമുണ്ട്‌ അത്‌ ജീവിതത്തിന്റെ സുഖയാത്രക്ക്‌ ആവശ്യമാണ്‌. അക്കാര്യങ്ങള്‍ ആത്മീയജീവിതത്തിന്റെ ഭാഗവുമാകുന്നു. അത്‌ പഠിപ്പിക്കാനാണ്‌ പ്രവാചകന്മാര്‍ വന്നത്‌.

പ്രവാചകന്മാര്‍ ഭൂമിയില്‍ മനുഷ്യജീവിതത്തിന്‌ ഗുരുനാഥന്മാരാകുന്നു. അവര്‍ ആചരിച്ചു കാണിച്ചുതന്ന ജീവിതമാണ്‌‌ നമ്മുടെ വെളിച്ചം. അവര്‍ പൊഴിച്ച അതിപ്രകാശത്തില്‍നിന്നുള്ള ചെറിയ വഴിവിളക്കാണിത്‌.

എല്ലാറ്റിനും ഘടകം മനസ്സാണ്‌. അത്‌ നന്നായാല്‍ എല്ലാം നന്നായി. ദൈവം പറഞ്ഞതത്രെ സത്യം - "മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചു. അതിനെ നശിപ്പിച്ചവന്‍ പരാജയമടഞ്ഞു."