മനുഷ്യനു നേരേ തുറന്നുവെച്ച ദൈവികദൃഷ്ടാന്തങ്ങളുടെ ഗ്രന്ഥമാണ്‌ ഈ പ്രപഞ്ചം. മനുഷ്യന്‍ ദിനേന ഇടപെടുന്ന ഓരോ വസ്തുവിലും അവന്റെ ശരീരത്തിലും ധാരാളം ദൈവിക ദൃഷ്ടാന്തങ്ങളുണ്ട്‌. ഖുര്‍ആന്‍ അവയെ പലവിധത്തിലും മനുഷ്യബുദ്ധിക്കു മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മനുഷ്യന്‍ തന്റെ ബുദ്ധിശക്തിയിലും സാങ്കേതിക കണ്ടുപിടിത്തങ്ങളിലും എത്രതന്നെ ഊറ്റം കൊണ്ടാലും ദൈവം ഖുര്‍ആനിലൂടെ വെളിപ്പെടുത്തിയ പല കാര്യങ്ങളും അവന്‌ ഇന്നും കണ്ടെത്താനായിട്ടില്ല. ചിലതെങ്കിലും ആധുനിക കാലത്തു മാത്രമാണ്‌ കണ്ടെത്താനായത്‌. ദൈവികജ്ഞാനത്തിനു മുമ്പില്‍ മനുഷ്യബുദ്ധി ഒന്നുമല്ല. ഇവിടെയിതാ കുറെ കാര്യങ്ങള്‍. 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഏകദൈവം നിരക്ഷരനായ മുഹമ്മദ്നബിയിലൂടെ മനുഷ്യലോകത്തിന്‌ വെളിപ്പെടുത്തിയ അനര്‍ഘദൃഷ്ടാന്തങ്ങളില്‍നിന്ന് എണ്ണിയെടുത്ത ഏതാനും ചിലത്‌. പ്രപഞ്ചത്തിന്‌ അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവും ദൈവവുമില്ലെന്ന്‌ മനുഷ്യരെ ബോധ്യപ്പെടുത്തുകയാണവ ചെയ്യുന്നത്‌.