വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ്‌ മലക്കുകളിലുള്ള വിശ്വാസം. മനുഷ്യര്‍ക്ക്‌ കാണാന്‍ സാധിക്കാത്ത ദൈവിക സൃഷ്ടികളില്‍ പെട്ടതാണ്‌ മലക്കുകള്‍ അഥവാ മാലാഖമാര്‍. മനുഷ്യനെ സൃഷ്ടിച്ചത്‌ മണ്ണില്‍ നിന്നും, പക്ഷെ മലക്കുകളാകട്ടെ പ്രകാശത്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌.  പ്രപഞ്ചസംവിധാനത്തിലെ വിവിധകാര്യങ്ങളില്‍ പ്രത്യേകം  മലക്കുകളെ ദൈവം നിശ്ചയിച്ചിട്ടുണ്ട്‌. ആ കൃത്യനിര്‍വ്വഹണത്തില്‍ മനുഷ്യരെപ്പോലെ സ്വാധികാരമോ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യമോ ഉള്ളവരല്ല മലക്കുകള്‍. ഏതവസ്ഥയിലും അവര്‍ ദൈവ കല്‍പനക്ക്‌ വിധേയമാണ്‌. അല്ലാഹുവിങ്കല്‍ ഏറ്റവും വിശ്വാസയോഗ്യമായ സൃഷ്ടികള്‍ മലക്കുകളാണ്‌. വിശുദ്ധ ഖുര്‍ആനും പ്രവാചകനും (സ.അ) പരിചയപ്പെടുത്തിയ പ്രധാന മലക്കുകളും അവരുടെ ചുമതലകളും ഇപ്രകാരമാണ്‌.  ജിബ്‌രീല്‍ (ഗബ്രിയേല്‍): പരിശുദ്ധാത്മാവ്‌ എന്നാണ്‌ ഖുര്‍ആന്‍ ജിബ്‌ രീലിനെ വിശേഷിപ്പിച്ചത്‌. പ്രവാചകന്മാര്‍ക്ക്‌ ദൈവികസന്ദേശം എത്തിച്ച്‌ കൊടുക്കലാണ്‌ ജിബ്‌ രീലിന്റെ വകുപ്പ്‌. മീകാഈല്‍: മഴ വര്‍ഷിപ്പിക്കുക;  രിദ്‌വാന്‍: സ്വര്‍ഗത്തിന്റെ മേല്‍നോട്ടം; മാലിക്‌: നരത്തിന്റെ കാവല്‍; റഖീബ്‌, അതീദ്‌: മനുഷ്യന്റെ കര്‍മ്മങ്ങള്‍ സസൂക്ഷമം; വീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക; മുന്‍കര്‍, നകീന്‍: മരണശേഷം മനുഷ്യന്റെ കര്‍മ്മങ്ങളെ ഹിതപരിശോധനക്ക്‌ വിധേയമാക്കുക; ഇസ്‌റാഫീല്‍: അന്ത്യദിനം ആസന്നമാവുമ്പോള്‍ കാഹളത്തില്‍ ഊതുക; അസ്‌റാഈല്‍: മരണത്തിന്റെ കാര്യങ്ങള്‍.

.