പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ആരാധനകൾ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ ബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ടിക്കപ്പെടേണ്ടത്. ദിനേന അഞ്ചു നേരമുള്ള നിസ്കാരവും, റമദാൻ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തിൽ മിച്ചമുണ്ടാകുമ്പോൾ സകാത്തും, സാദ്ധ്യമായാൽ ജീവിതത്തിലൊരിക്കൽ ഹജ്ജും വിശ്വാസികൾക്ക് നിർബന്ധമാക്കി. അങ്ങിനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകൾ അനുഷ്ടിക്കുന്നതിലൂടെ ഇസ്‌ലാം ലക്‌ഷ്യം വെക്കുന്നത്.

മനുഷ്യരുടെ മാർഗ ദർശനത്തിനായി നൽകപ്പെട്ട അവസാനത്തെ വേദ ഗ്രന്ഥം, വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ. ദൈവിക വിളിക്കുത്തരമായി പകലിലെ അന്ന പാനീയങ്ങളും, വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചു കൊണ്ട് രാത്രികാലങ്ങളിൽ പ്രാർഥനയിലും ആരാധനയിലും കൂടുതൽ മുഴുകി ഒരു മാസം മുഴുവനായും വിശ്വാസി ലോകം വ്രതമനുഷ്ഠിക്കുന്നു. ആരാധനകളും, സൽക്കർമ്മങ്ങളും, പരക്ഷേമ പരതയും, ദാന ധർമങ്ങളും വർധിപ്പിച്ച് തെറ്റായ വാക്കുകളിൽനിന്നും പ്രവർത്തികളിൽ നിന്നും അകലം പാലിച്ച് വ്രത മനുഷ്ടിക്കുന്നതോടെ ഖുർആന്റെ അദ്ധ്യാപനങ്ങൾക്ക് പ്രായോഗികതയുടെ പൂർണ്ണത നൽകി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഒരു ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം. ഭൗതികതയുടെ സൗകര്യങ്ങളിൽ ധാർമ്മിക മൂല്ല്യങ്ങളും ദൈവികാദ്ധ്യാപനങ്ങളും മറന്നു പോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് പൈശാചിക പ്രേരണകളുടെ വഴികൾ അടച്ചു തന്റെ സഹജീവികളുമായി അടുക്കാനും ഉള്ളത് അവരുമായി പങ്കുവെക്കാനും മനുഷ്യനെ ഓർമ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാൻ. താൻ കഷ്ടപ്പെട്ട് സമ്പാദിച്ചതിൽ അഗതിക്കും അശരണനും അവകാശമുണ്ടെന്ന ഇസ്ലാമിക പാഠം ലോക മുസ്ലീംകൾ ഏറ്റവും ഭംഗിയായി പ്രാവർത്തികമാക്കുന്ന മാസം കൂടിയാണ് റമദാൻ.

ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാദ്ധ്യമാകണം. അരുതായ്മകളിൽ നിന്നും അധാർമ്മികതയിൽ നിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല.. അങ്ങിനെ ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവർതിത്വത്തിന്റെയും ധാർമികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായ റമദാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്.-Abdul Latheef.