ഹജ്ജിന്‍റെ ആത്മാവ് തേടി.......

 

ഹജ്ജ് ഒരു തീരുമാനമാണ്. ജഗന്നിയന്താവായ റബ്ബിന്‍റെ വിളികേട്ട് കൊണ്ടുള്ള ഒരു പുറപ്പാട്.

ഹജ്ജിന് നിയ്യത്തു ചെയ്യുന്നതിലൂടെ നാം സകലമാന ഇച്ഛകളിൽ നിന്നും മാറി അല്ലാഹുവിന്‍റെ അതിഥികളാവാൻ തയ്യാറെടുക്കുന്നു. വിവിധ ദേശങ്ങളിൽ നിന്ന് യാത്ര പുറപ്പെട്ടു നാം മീഖാത്തിലെത്തുകയാണ്.

മീഖാത്ത് !.. അതൊരു തുടക്കമാണ്!. ശുഭ്ര വസ്ത്രമണിഞ്ഞു അന്ത്യ യാത്ര പുറപ്പെടുന്ന ഓർമ്മ പുതുക്കുന്ന തുടക്കം. ഇവിടെ നാം വസ്ത്രങ്ങൾ മാത്രമല്ല എല്ലാ ചിന്തകളും ഊരി മാറ്റുകയാണ്. നമ്മുടെ സ്വകാര്യതകളും സൗകര്യങ്ങളും മാറ്റി വെയ്ക്കുകയാണ്. നിന്‍റെ ക്ഷണം സ്വീകരിച്ചു റബ്ബേ ഞാനിതാ പുറപ്പെട്ടിരിക്കുന്നു എന്ന മന്ത്രവുമായാണ്  ഇനിയുള്ള യാത്ര. നേടിയതും നേടാനുള്ളതും സ്വത്തും കുടുംബവും ഒന്നും ഈ യാത്രയിൽ എനിക്ക് തടസ്സമല്ല എന്ന വിളംബരവുമായി. എന്താണ് മീഖാത്തു നമ്മെ ഓർമ്മപ്പെടുത്തുന്നത്? ജീവിതത്തിന്‍റെ അവസാന യാത്രയിൽ ഒരുങ്ങി പുറപ്പെടാൻ നമുക്ക് മീഖാത്തില്ല, പകരം നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും മീഖാത്തിനെ പ്രതിനിധീകരിക്കുന്നു എന്ന് മനസ്സിൽ അലയടിക്കണം ഈ വേളയിൽ.

മക്കയിലെത്തുന്ന നാം ഹറമിന്‍റെ ചൈതന്യത്തിലേക്ക് പ്രവേശിക്കുകയാണ്.  ഒരു നോക്ക് കാണാൻ കരളിലെ മോഹമായി കാത്തിരുന്ന കഅബയുടെ സമക്ഷത്തിങ്കലേക്ക്!

കഅബ ഒരു അടയാളമാണ്. നാഥൻ നമ്മെ ഏകോപിപ്പിക്കാൻ ഇബ്രാഹി (അ) മിലൂടെ പടുത്തുയർത്തിയ വിശുദ്ധ ഗേഹം. അല്ലാഹുവിന്‍റെ തിരുഭവനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്. ഭൂമിയിലെ ജീവിതത്തിൽ മനുഷ്യരുടെ പ്രാത്ഥനയുടെ കേന്ദ്ര ബിന്ദു. വിട്ടു വീഴ്ചയില്ലാത്ത അനുസരണവും ഒരുമയും ഓർമ്മിപ്പിക്കുന്ന ഫോക്കസ്.

നിർഭയത്വം .. ,അതാണ് ഹറമിന്‍റെ വായന. ഒരു ജീവി പോലും ഉപദ്രവിക്കപ്പെടുന്നത് തടയപ്പെട്ട പ്രദേശം. ഇവിടെ എല്ലാം പരിപാവനമാണ്. അതെ ഇവിടെ നിങ്ങൾ നിർഭയരാണ്. നാഥന്‍റെ വിളിക്കുത്തരം നൽകി നാം സാഷ്ടാംഗം ചെയ്യുന്ന സ്ഥലമാണ് മസ്ജിദുൽ ഹറം. മനുഷ്യരുടെ ഭൗതിക താല്പര്യങ്ങൾക്കപ്പുറം അല്ലാഹുവിനോട് കരളുരുകി മോക്ഷം ചോദിക്കുവാനുള്ള ഇടം. അല്ലാഹുവിനോട് ഏതു തെറ്റും ഏറ്റുപറയാൻ, വേണ്ടതെല്ലാം നാഥനോട് ചോദിക്കുവാൻ നിങ്ങൾ അനുവദിക്കപ്പെട്ടിരിക്കുന്നു.  നിങ്ങളുടെ ബൗദ്ധിക ജീവിതത്തിന്, പരലോകത്തിന്, കുടുംബത്തിന്, പാർശ്വവത്കരിപ്പെട്ടവക്ക്, പീഡിതർക്ക്, നിരാലംബലായവർക്ക്, യുദ്ധം കൊണ്ടും മറ്റും അനാഥരാവയർക്ക്, മർദ്ദിതരിൽ  നിന്നുള്ള മോചനത്തിനായ്, രോഗികൾക്ക്, നമ്മിൽ  നിന്ന് വിട്ടു പിരിഞ്ഞവർക്ക്, നാടിന്‍റെയും നാട്ടാരുടേയും നന്മയ്ക്ക്….. അതെ, എല്ലാ നന്മയ്ക്കും തവക്കുലിനും വേണ്ടി ആർദ്രമായ മനസ്സോടെ, ആത്മാർത്ഥമായി കരമുയർത്തി പ്രാർത്ഥിക്കുക.. പരസ്പരം ഭിന്നിച്ചും പഴിപറഞ്ഞുമല്ലാതെ ഏകോദര സഹോദരന്മാരായി മനുഷ്യനന്മക്ക് നിലകൊള്ളാനുള്ള സന്ദേശമാണ് ഹറം നമുക്ക് പറഞ്ഞു തരുന്നത്. ഇവിടെ വഴിപാടുകളില്ല, പിരിവിനായുള്ള ഭണ്ടാരപ്പെട്ടികളില്ല, ഇടനിലക്കാരായ മുരീദന്മാരില്ല, പകരം  നിങ്ങൾ അല്ലാഹുമായി നേർക്ക് നേർ തേടുകയാണ്. ഇതാണ് ഇസ്‌ലാമി ന്‍റെ രീതി എന്ന് കൂടി മനസ്സിൽ ബലപ്പെടുത്തുക.

സഫയും മർവയും നമ്മെ ഓർമ്മിപ്പിക്കുന്നത് ഹാജറബീവിയുടെ മനസ്സുറപ്പിനെയാണ്.  ഏതു പ്രതിസന്ധിയിലും ദൈവ വിശ്വാസത്തിന്‍റെകരളുറപ്പ് വേണമെന്ന സന്ദേശം. ദാഹിച്ചു കരയുന്ന വാത്സല്യ പുത്രന് ദാഹ ജലത്തിന് വേണ്ടി ഊഷര ഭൂമിയിലെ മൊട്ടകുന്നുകളിൽ പ്രതീക്ഷയുമായി ഹാജറ ബീവി ഓടി നടന്നതിന്‍റെ ഓർമ്മയാണ് സഅയ്.. അതെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ദൈവത്തിന്‍റെ ഇടപെടലിനുള്ള തേട്ടമാണ് സഫാ മർവക്കിടയിലെ സഅയ്.  എല്ലാം റബ്ബ് കാത്തു കൊള്ളും എന്നും പറഞ്ഞു മുഖം തിരിച്ചിരിക്കലല്ല, പകരം  ജീവിതത്തിൽ ഏതു പ്രതിസന്ധിയിലും കർമ്മ നിരതരാവണമെന്ന ഓർമ്മപ്പെടുത്തൽ.

സംസം!  മരുഭൂമിയിലെ അത്ഭുതം! അല്ലാഹുവിന്‍റെ അപാരമായ കാരുണ്യത്തിന്‍റെ നേർക്കാഴ്ചയാണ് സംസം. ഹാജറയുടെ അതികഠിനമായ അന്വേഷണത്തിനൊടുവിൽ ഉയിർകൊണ്ട് അനുസ്യൂതം പ്രവഹിക്കുന്ന ജലധാര. ദൈവത്തിന്‍റെ വഴിയിൽ അസാധ്യമായത് ഒന്നും തന്നെ ഇല്ല എന്ന തിരിച്ചറിവ് നമുക്ക് നൽകുന്നു സംസം..

മിനാ താഴ്വര! ആദ്യ കർമ്മങ്ങൾക്ക് ശേഷം നാം ഏതാനും നാളുകൾ തങ്ങുന്ന ശാന്തിയുടെ താഴ്‌വര. എന്താണിവിടെ നടക്കേണ്ടത്? ഓരോ മനുഷ്യനും ജീവിതത്തിലെ  കഴിഞ്ഞ കാലത്തിന്‍റെ കണക്കെടുപ്പുകൾ നടത്തണം. ജീവിതത്തിലെ സംഭവങ്ങളെ, അനുഭവങ്ങളെ, പ്രവർത്തികളെ, കൊള്ളരുതായ്മകളെ, നന്മകളെ തലനാരിഴ കീറി  ഓർക്കണം. എന്നിട്ടു കരുണാവാരിധിയായ തമ്പുരാനോട് രാപകലില്ലാതെ തൗബയെ തേടണം. ചുറ്റും  കാണുന്ന വിശാലമായ മിനാ താഴ്വരയിലും  മലകളിലും പിന്നെ  ചക്രവാളങ്ങൾക്കുമകലെ ആകാശത്തിലും  മലക്കുകൾ കാത്തിരിക്കുകയാണ്. നമ്മുടെ ആത്മാർത്ഥമായ തൗബ വരവ് വെയ്ക്കുവാൻ, അല്ലാഹുവിന്‍റെ കല്പന പ്രകാരം നമ്മുടെ  പാപങ്ങൾ മായ്ച്ചു കളയാൻ.

അറഫാ ദിനം! ഹജ്ജിന്‍റെ ആത്മാവാണ് അറഫ, മനുഷ്യ സാഗരം ഏകവസ്‌ത്ര ധാരികളായി വിശാലമായ അറഫാ മൈതാനത്തു ഒരുമിച്ചു കൂടുകയാണ്. പ്രഭാതം മുതൽ സന്ധ്യമയങ്ങും വരെ.  അല്ലാഹുവിലേക്ക് കൈകളുയർത്തി ആർദ്ര മനസ്സോടെ കണ്ണീരണിഞ്ഞു നിൽപ്പാണ്. ഇവിടെ നിങ്ങൾ പരസ്പരം അറിയുന്നില്ല.. ഒരു പകൽ മുഴുവൻ ധ്യാന നിമഗ്നരായി അർപ്പിത മനസ്സോടെ നാഥന്‍റെ  പ്രീതിക്ക് വേണ്ടി ഹൃദയം പൊട്ടി ഇരക്കുകയാണ്.

 

ഇത് ഭൂമിയിലെ  മഹ്ശറ!   അറഫാ സമ്മേളനം മഹ്ശറയുടെ ഓർമ്മപ്പെടുത്തലാണെന്ന് പറയപ്പെടുന്നു. എന്താണ് മരണശേഷമുള്ള മഹ്ശറയും അറഫയും തമ്മിലുള്ള സാരമായ മാറ്റം?. ഇവിടെ നമുക്ക് പശ്ചാതാപിക്കാനും അല്ലാഹുവിനോട് ചോദിക്കുവാനുമുള്ള അവസരമുണ്ട്, നമ്മെ റബ് വിളിച്ചു വരുത്തിയതാണ്.. മരണശേഷം ഇതൊന്നുമില്ല, തീരുമാനമായ നമ്മുടെ വിധിയുമായായിരിക്കും അവിടെ നാം നിൽക്കുക. ഈ ലോകത്തെ നമ്മുടെ പ്രവൃത്തികളുടെ ഭാണ്ഡവും പേറി.  ശുപാർശകൾക്കോ പശ്ചാത്താപങ്ങൾക്കോ  അവസരമില്ലാത്ത സമയം. സ്വർഗ്ഗ നരകങ്ങളുടെ അനശ്വരതയിലേക്കു നീങ്ങുന്ന സന്ദർഭമാണത്.

അതിനാൽ കരുണ വർഷിക്കുന്ന ഈ അനുഗ്രഹീത പകലിൽ ചോദിച്ചു കൊണ്ടേയിരിക്കുക, പാപങ്ങൾ ഏറ്റു പറഞ്ഞു വീണ്ടും ആവർത്തിക്കില്ല എന്ന് പ്രതിജ്ഞ എടുക്കുക. കനമുള്ള നന്മയുടെ ഏടുകളുമായി,  മനുഷ്യത്വത്തിന്‍റെ പ്രതീകമായി മരിക്കുവാൻ തീരുമാനമെടുക്കുക..

മുസ്‌ദലിഫ .. അറഫയുടെ സന്ധ്യ നമ്മെ നയിക്കുന്നത് ഈ  പ്രദേശത്തേക്കാണ്. . ഒരു രാത്രിയിൽ എല്ലാം മറന്ന് ഈ പരുപരുത്ത ഭൂമിയിൽ നാം മുഖം വെച്ച് ഉറങ്ങുകയാണ്. മരണാനന്തരം ഖബറിൽ നിശ്ചേതനനായി കിടക്കുന്ന ഓർമ്മകൾ ഉയരണം നമുക്ക്.  വലിയവനോ ചെറിയവനോ ഇല്ല, ലിംഗ വ്യ ത്യാസങ്ങളില്ല പകരം മനുഷ്യനെന്ന ഒരൊറ്റ വിളിപ്പേര് മാത്രം. അടുത്ത പുലരിയിൽ ഇവിടെ ജീവിതം ഉണരുകയാണ്, നാം യാത്ര തുടരുകയാണ്. പക്ഷെ ഖബറിൽ നാം മറ്റൊരു ലോകത്താണ്. ഈ ഭൂമിയും കടന്നു പോയ ലോകം. എല്ലാ അഹങ്കാരങ്ങളെയും സ്വാർത്ഥതകളെയും കുറിച്ചു ഈ രാവിൽ നാം പുനർ വിചിന്തനം ചെയ്യുക.

വീണ്ടും മിനായിലെ നാളുകൾ...  ഇവിടെ ഒരു നിമിഷം പോലും പാഴാക്കാൻ നമുക്ക് സമയമില്ല. രാവും പകലും ചൂളം വിളിച്ചെത്തുന്ന മരഭൂകാറ്റിൽ നിങ്ങൾ അലിഞ്ഞു ചേരണം, മനസ്സിൽ പാപമോചനത്തിന്‍റെ, പ്രാർത്ഥനയുടെ മന്ത്രങ്ങളുമായ്… ഈ ഭൂമിയിൽ കൂട്ടമായി ജീവിക്കുന്ന മനുഷ്യരുടെ വൈവിധ്യങ്ങൾ നിങ്ങൾ കണ്ടറിയണം. കറുത്തവനും വെളുത്തവനും അറബിക്കും അനറബിക്കും ആണിനും പെണ്ണിനും വിശപ്പും ദാഹവും വിയർപ്പും വിചാരവും വികാരവും എല്ലാം ഒരുപോലെയെന്ന് തൊട്ടറിയണം. അല്ലാഹുവിന്‍റെ സവിധത്തിൽ, സിംഹാസനത്തിന്‍റെ തണലിൽ അനശ്വര ജീവിതത്തിനുള്ള ജന സഹസ്രങ്ങളുടെ തേട്ടങ്ങളിൽ നിങ്ങളും പങ്കാളിയാകണം. മിനായിലെ താമസത്തിലൂടെ, മനുഷ്യരുമായുള്ള ഇടപെടലിലൂടെ  നാം നേടുന്ന സന്മനസ്സും വിട്ടുവീഴ്ചകളും, ദയാവായ്പുകളും  പ്രാർത്ഥനകളും മരണം വരെ കൊണ്ട് നടക്കുമെന്നും ശപഥം ചെയാൻ കഴിഞ്ഞാൽ നിങ്ങൾ മിനായിലെ രാവുകളെ ആവാഹിക്കുകയാണ്.

ജംറയിലെ കല്ലേറുകൾ ... നാലായിരം വർഷങ്ങൾക്കപ്പുറം, അല്ലാഹുവിന്‍റെ കല്പനയിൽ നിന്ന് ഇബ്രാഹീ (അ) മിനെയും  ഇസ്മാഈലി (അ) നെയും പിന്തിരിപ്പിക്കാനുള്ള ഇബ്‌ലീസിന്‍റെ വിഫല ശ്രമമാണ് ചരിത്രത്തിൽ  നാം കാണുന്നത്. അതെ നമ്മുടെ ദൈവിക മാർഗ്ഗത്തിലുള്ള തീരുമാനങ്ങളിൽ നിന്ന് നാം പിന്തിരിയുന്നത് ഇബ്‌ലീസിന്‍റെ ഇടപെടലൽ കൊണ്ടാണ്. ജംറയുടെ പരിസരത്തെത്തുമ്പോൾ നമ്മുടെ ചിന്തകളെ നാം പുറകോട്ടു ഓടിക്കുക.  മനുഷ്യന് നിരക്കാത്തത് നാം ചെയ്തിട്ടുണ്ടോ, മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചിട്ടുണ്ടോ, അവിഹിത മാർഗ്ഗത്തിൽ ധനം സമ്പാദിച്ചുവോ, അന്നം ചോദിച്ചു വന്നവരെ അവഗണിച്ചുവോ, അനന്തര സ്വത്തുക്കളിൽ നീതി പാലിച്ചില്ലേ, മറ്റുള്ളവരെ പരിഹസിച്ചോ, അഹങ്കാരം മൂത്തു ആർഭാടം കാണിച്ചില്ലേ, നമസ്കാരത്തിൽ, സകാത്തുകൊടുക്കുന്നതിൽ അലംഭാവം കാണിച്ചില്ലേ, അക്രമങ്ങൾക്കെതിരെ പ്രതികരിച്ചില്ലേ .. അതെ ജീവിതത്തിൽ കഴിഞ്ഞു പോയ എല്ലാ വീഴ്ചകളും തിന്മകളും ഇവിടെ നിങ്ങൾക്ക് ഓർമ്മ വരണം. ജമ്രയിലെ കല്ലേറിലൂടെ സ്വന്തം മനസ്സിലെ ഇബ്‌ലീസിനെ എറിഞ്ഞോടിക്കാൻ നമുക്ക് കഴിയണം, അല്ലാഹുവിനോട് പൊറുക്കലിനെ തേടി എറിഞ്ഞു കൊണ്ടിരിക്കണം.. കല്ലെറിയൽ ഒരു ആചാരം എന്നതിനപ്പുറം നന്മയുടെ തീരുമാനങ്ങളിലേക്ക് കൊണ്ട് വരാൻ കഴിയണം. എന്നാൽ നാം പാപങ്ങളിൽ നിന്ന് മുക്തമാവുകയായി. 

ബലി ...മനുഷ്യ ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു തീരുമാനത്തിന്‍റെ ഓർമ്മയ്ക്കായാണ് നാം ബലി അർപ്പിക്കുന്നത്. അല്ലാഹുവിന്‍റെ നിശ്ചയങ്ങൾ അനുസരിക്കാൻ, വാത്സല്യ മകനെ കഴുത്തറുക്കാൻ തുനിഞ്ഞ ഇബ്‌റാഹീം നബിയുടെ മനസ്സുറപ്പിന്‍റെ  സ്മരണ. ഈ ഒരു മനസ്സ് നാം നേടിയിട്ടുണ്ടോയെന്ന ആത്മ പരിശോധന നടത്തേണ്ട  സമയമാണ് ഇപ്പോൾ. സ്വന്തം സൗകര്യവും സമയവും അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ,  പ്രവാചകൻ പഠിപ്പിച്ചതും ജീവിച്ചു കാണിച്ചതുമായ  രീതിയിൽ  ജീവിക്കുവാൻ  ശീലിച്ചിട്ടില്ലേ എന്ന് നാം സ്വയം ചോദിക്കണം. ദീനിനു വേണ്ടി  സ്വന്തം അദ്ധ്വാനവും, ധനവും  ചിലവഴിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ അല്ലെങ്കിൽ  ഇനിയെങ്കിലും  നാം തയ്യാറായിട്ടുണ്ടോ?. ജബൽ റഹ്മയിൽ കയറി നിന്നു പ്രവാചകൻ ഹജ്ജത്തുൽ വിദാഇൽ നടത്തിയ പ്രോജ്ജ്വല പ്രസംഗം ഉൾകൊണ്ട്  ഈ ദീനിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ നമുക്ക് സാധിച്ചുവോ?. ഇല്ലെങ്കിൽ നമുക്കുള്ള പ്രയാസം  എന്തായിരുന്നു?.. ഇങ്ങിനെ തുടങ്ങി  ഒരു പാട് തടസ്സങ്ങളെയും  നമ്മുടെ അനാസ്ഥകളെയും ബലിയർപ്പിച്ചു യഥാർത്ഥ മുസ്‌ലിമാവാൻ നമുക്ക് കഴിയണം. അതിനുള്ള ദൃഢപ്രതിജ്ഞ കൂടിയാവണം ഈ ബലി.

നാല്പതു നൂറ്റാണ്ടുകളായി ഹജ്ജ് നിർവ്വഹിക്കാൻ  എത്തികൊണ്ടിരിക്കുന്ന മനുഷ്യരാശിയുടെ പാദസ്പർശനമേറ്റ ഈ പുണ്യ നഗരത്തിൽ നിന്നും  അവസാന ത്വവാഫും  കഴിഞ്ഞു നാം വിടവാങ്ങുമ്പോൾ,  ഒരിക്കൽ കൂടി ആത്മ പരിശോധന നടത്തണം. ഹജ്ജിന്‍റെ ആത്മാവിനെ നാം തൊട്ടറിഞ്ഞിട്ടുണ്ടോ എന്ന്. ആത്മവിശുദ്ധി  നേടാൻ നമുക്കായിട്ടുണ്ടോ എന്ന്. എങ്കിൽ  നമ്മുടെ ഈ പുണ്യ യാത്ര സാർത്ഥകമാവുകയായി.  എല്ലാം പടച്ചതമ്പുരാന് മാത്രമേ  അറിയൂ. അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹം നമ്മിൽ വർഷിക്കുമാറാകട്ടെ . . ആമീൻ!!

ഡോ. സലിം മലപ്പുറം